ആലുവ: എം പി ഫണ്ട് ഉപയോഗിച്ച് ആലുവ നഗരസഭാ മൈതാനത്തിൽ കൃത്രിമപ്പുല്ല് പിടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. ഫുട്ബോൾ കളിക്കാനും പ്രഭാതസവാരിക്കുമായി ഉപയോഗിച്ചിരുന്ന മൈതാനം ടർഫിംഗ് കഴിഞ്ഞാലും സൗജന്യമായി അനുവദിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതോടെയാണ് ഹർജി ഒഴിവാക്കിയത്.
കൃത്രിമപ്പുല്ല് പിടിപ്പിച്ച് കഴിഞ്ഞാൽ പ്രഭാത സവാരിക്ക് പിന്നീട് ലഭിക്കില്ലെന്ന് ആരോപിച്ചാണ് ആലുവ സ്വദേശി കെ.കെ. വിനോദും കീഴ്മാട്, ചൂർണിക്കര പഞ്ചായത്ത് നിവാസികളായ നാലുപേരും ചേർന്ന് ഹൈക്കോടതിയെ നവംബർ 11 ന് സമീപിച്ചത്. ആലുവ നഗരസഭ, സെക്രട്ടറി, ബാലാവകാശ കമ്മീഷൻ, ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.
കോടതിയെ സമീപിക്കുന്നതിന് മുമ്പും പിമ്പും ടർഫിംഗ് പ്രവൃത്തികൾ സംഘം ചേർന്ന് സി പിഎം പിന്തുണയോടെ ഏതാനും പ്രഭാതസവാരിക്കാർ തടഞ്ഞിരുന്നു. ഒരു തവണ സംഘർഷം നടന്നപ്പോൾ കുപ്പി വലിച്ചെറിഞ്ഞെന്ന പേരിൽ ഒരു സമരാനുകൂലി ജയിലിൽ പോകുകയും ചെയ്തു. ഫുട്ബോൾ താരങ്ങളും പരിശീലകരും നഗരസഭയ്ക്ക് അനുകൂലമായി ജാഥയും സമ്മേളനങ്ങളും നടത്തി. വിവാദമായതിനെ തുടർന്ന് ടർഫിംഗ് നിർത്തിവച്ചു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ജനുവരി 15 ന് ചേർന്ന യോഗതീരുമാനങ്ങൾ അംഗീകരിച്ചാണ് കോടതി പൊതു താത്പര്യ ഹർജി ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്. ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് നടപ്പിലാക്കാൻ തീരുമാനിച്ച മിനിറ്റ്സ് പ്രകാരം പൊതുജനങ്ങളുടെ ഉപയോഗം തടയുന്നില്ലെന്നും കുട്ടികൾക്ക് ഫുട്ബോൾ ട്രെയിനിംഗ് നൽകാമെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രഭാതസവാരി നടത്താൻ വാക്ക് വേയും അനുവദിക്കും.
കൃതിമപ്പുല്ലിൽ നടത്താൻ സാധിക്കുന്ന വിവിധ കായിക പരിപാടികൾക്കും മൈതാനം വിട്ടുകൊടുക്കാൻ പരിഗണിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങൾ നടപ്പിലാക്കുമെന്നതിനാൽ പൊതുതാത്പര്യ ഹർജിക്ക് നിലനിൽക്കിപ്പില്ലെന്ന് ചീഫ് ജസ്റ്റീസ് സൗമെൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.